ഇന്ത്യയിൽ ഔദ്യോഗികമായി തന്നെ 1000 ലധികം ഭാഷകൾ ഉണ്ട്. ഡയലക്റ്റുകൾ ഇതിൽ കൂട്ടിയിട്ടില്ല. എന്താണ് ഡയലക്റ്റ്.ഓരോ ദേശത്തെയും ഭാഷാവ്യതിയാനങ്ങളാണ്. അതൊന്നും ഒരിക്കലും മാറാൻ പോകുന്നില്ല. ഒരു ഡയലക്റ്റും മറ്റൊന്നിനേക്കാൾ ഒരു തരത്തിലും മേന്മയേറിയതും അല്ല. വള്ളുവനാടൻ ഡയലക്റ്റ് പുസ്തകഭാഷയിൽ നിന്നും ഏറെ വ്യത്യസ്തമാണെങ്കിലും ചിലർ ചേർന്ന് അതിനു ഒരു വരേണ്യ സ്ഥാനം കൽപ്പിച്ചു കൊടുത്തത് നമുക്കറിയാം. ഇത് ഒരു തരത്തിൽ ജാതിചിന്ത പോലെയാണ്. പത്തനംതിട്ടക്കാർക്ക് വേണമെങ്കിൽ തങ്ങളുടെ ഭാഷയാണ് പുസ്തകഭാഷയോട് ഏറ്റവും അടുത്തുനിൽക്കുന്നത് എന്നെങ്കിലും പറയാം.
ഭാഷ എന്നത് പറയുന്ന ആളും കേൾക്കുന്നയാളും തമ്മിലുള്ള ഒരു ഉടമ്പടിയെ ആശ്രയിച്ചിരിക്കുന്നു. ഈ ഉടമ്പടിയെ ആദരിച്ചു കൊണ്ട് വേണം കഥകൾ എഴുതാൻ. കൊമ്പത്തെ കഥയൊന്നുമല്ല നിങ്ങൾ എഴുതുന്നതെങ്കിൽ ആരും നിങ്ങളുടെ നാട്ടു ഭാഷ സ്വായത്തമാക്കി നിങ്ങളുടെ കഥ വായിച്ചാസ്വദിക്കാനൊന്നും പോകുന്നില്ല.
സിനിമയിൽ നിന്നും വ്യത്യസ്തമായി കഥയ്ക്കുള്ളിൽ ഭാഷ പ്രധാനമായും രണ്ടുതരത്തിൽ പ്രയോഗിക്കപ്പെടുന്നു. ആഖ്യാനത്തിന്റെ ഭാഷയും കഥാപാത്രങ്ങളുടെ ഭാഷയും. ആഖ്യാനഭാഷ കഥാകൃത്തിന്റെ നേരിട്ടുള്ള ഉത്തരവാദിത്തമാണ്. അതിൽ വായനക്കാരുമായുള്ള ഉടമ്പടി പിന്തുടരേണ്ടതാണ്. ആർക്ക് വേണ്ടിയാണോ എഴുതുന്നത് അവർക്ക് മനസ്സിലാകുന്നതുപോലെ എഴുതാതിരുന്നാൽ ഉറുദു അറിയാത്തവരുടെ ഇടയിലിരുന്ന് ഉറുദുവിൽ സംസാരിക്കുന്നത് പോലെ അപമര്യാദ തന്നെയാണ്. അടിക്കുറിപ്പുകൾ കൊടുക്കുന്നത് കഥയുടെ ആസ്വാദനത്തിന് അലോസരമുണ്ടാക്കും.
കഥാപാത്രങ്ങളുടെ സംഭാഷണം രണ്ടു രീതിയിൽ വരാം ആഖ്യാനസംഭാഷണം (indirect speech, no quotation marks ) എന്നും അന്വാഖ്യാനസംഭാഷണം (direct speech, quotation marks) എന്നും. ഇതിന്റെ പേരുകൾ തിരിഞ്ഞു പോകരുത്.
കഥാപാത്രത്തിന്റെ സംഭാഷണ ശൈലി ആർക്കും തീരെ മനസ്സിലാകാത്ത ഏതെങ്കിലും നാട്ടു ഭാഷയാണെങ്കിൽ ഒന്നോ രണ്ടോ അപ്രധാനമായ വാചകങ്ങൾ ഒഴികെ ബാക്കിയെല്ലാം ആഖ്യാനസംഭാഷണമാക്കുന്നതാണ് ബുദ്ധി. അവരുടെ ഭാഷ, സംസ്കാരം, സ്വഭാവം, വിദ്യാഭ്യാസം എന്നിവ മനസ്സിലാക്കാനും അവർ പറയുന്നത് എന്തെന്ന് വ്യക്തമായി മനസ്സിലാക്കാനും ഈ മിശ്രണം കൊണ്ട് സാധിക്കും.
കഥയിലെ ഭാഷയുടെ മറ്റൊരു ഉപയോഗം കവിതയാക്കി മാറ്റുക എന്നതാണ്. ബിംബങ്ങളിലൂടയേയും പ്രതീകങ്ങളിലൂടെയുമാണ് ഇത് സാധിക്കുന്നത്. സ്വാഭാവികമായും വർണ്ണനകളാണ് ഇതിനു കൂടുതലും ഉപയോഗപ്പെടുത്തുന്നത്. വർണ്ണിക്കുമ്പോൾ ഉപയോഗിക്കുന്ന ഇമേജുകൾ സമാന്തരമായി ആഖ്യാനം തുടർന്നുകൊണ്ടിരിക്കും. 6 തരം ബിംബങ്ങൾ ഉണ്ട് ഓരോ ഇന്ദ്രിയങ്ങൾക്ക് ഓരോന്നും പിന്നെ ചലനത്തിന് മറ്റൊന്നും. ഇവയെ (കാഴ്ച ശബ്ദം ഗന്ധം രുചി ഊഷ്മാവ് ചലനം ) എല്ലാം ആവശ്യമുള്ള അളവിൽ കഥയിൽ ഉപയോഗിക്കണം. അവ കഥയ്ക്ക് യോജിക്കത്തതും നമ്മൾ ഉദ്ദേശിക്കാത്തതുമായ ധ്വനിപ്പിക്കുമോ എന്നും നോക്കണം.
സംഭാഷണങ്ങൾ ഒരിക്കലും ചോദ്യോത്തര പരിപാടിയായി ശ്രദ്ധിക്കണം. ഹാസ്യബോധം എല്ലാ കഥാപാത്രങ്ങളും അവരുടെ സംസ്കാരം വെളിവാക്കും വിധം കാണിക്കണം. അത് അവരുടെ മനസ് വെളിവാക്കാൻ സഹായിക്കും. പക്ഷെ ഹാസ്യം ഒരു രസം കൂടിയായതു കൊണ്ട് മറ്റ് നവരസങ്ങളുമായി ചേരുമോ എന്നും ശ്രദ്ധിക്കണം
Comments
Post a Comment